Recent Posts

Recent Posts Widget

Thursday, August 28, 2014

What is Politics Means in India

             രാഷ്ട്രീയം എന്ന് പറയുമ്പോൾ പാർട്ടികളുടെ സമരങ്ങളും നേതാക്കളുടെ തമ്മിൽത്തല്ലും അഴിമതിയും ആവും നമുക്ക്  ഓർമ്മ വരിക. രാഷ്ട്രത്തെ സംബന്ധിച്ചത് എന്തോ അതാണ് രാഷ്ട്രീയം. അങ്ങനെ നോക്കുമ്പോൾ  രാഷ്ട്രത്തിൻറെ എല്ലാ നിലയിലുമുള്ള കാര്യങ്ങളുടെ വികാസം  എന്നാണ് അർത്ഥമാക്കുന്നത്. ഇപ്പോൾ രാഷ്ട്രീയക്കാർ എന്ന് പറയുന്നത് പാർട്ടിക്കാരെ ആണ്. ഏതു രാജ്യത്തിൻറെയും വികസനത്തിന്റെയും വിപ്ലവങ്ങളുടെയും അടിത്തറ ആ രാജ്യത്തിലെ  യുവാക്കളാണ്. ഒരു ശരാശരി വിദ്യാഭ്യാസമുള്ള ഇന്ത്യൻ യുവത്വം ''എനിക്ക് രാഷ്ട്രീയത്തിൽ താത്പര്യമില്ല'' എന്നു അഭിമാനത്തോടെ പറയുന്നതിന് രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കുമുള്ള  പങ്ക് വളരെ വലുതാണ്‌.

       ഒരു പ്രത്യേക സ്ഥിതിവിശേഷത്തിനോ സംഭവങ്ങൾക്കോ എതിരായി ഉയർന്നുവരുന്ന ജനവികാരത്തിൽ നിന്നോ അല്ലെങ്കിൽ ആ വികാരം മുതലെടുത്തോ ഉയർന്നു വരുന്ന  പാർട്ടികൾ  പിന്നീട് അതിൻറെ ലക്ഷ്യത്തിൽ നിന്നകലുകയും  അധികാരത്തിനു വേണ്ടി പോരാടുകയും ചെയ്യും. ഇത്തരത്തിൽ പാർട്ടിയുടെ അന്തസ്സത്ത നശിച്ച് പൊതുജനത്തിനും രാഷ്ട്രത്തിനും ബാധ്യത ആയിത്തീരുന്നു. ഇന്ത്യയിലുള്ള പ്രമുഖ പാർട്ടികളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ഉയര്ന്നുവന്നവയാണ്. അധികാരം ഉണ്ടെങ്കിൽ മാത്രമേ ജനസേവനം സാധ്യമാകൂ എന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയക്കാരുടെ വിചാരം. എന്നാൽ ചരിത്രം പരിശോധിച്ചാൽ അധികാരമില്ലാത്ത അവസ്ഥയിലാണ് ഒരു പാർട്ടിയുടെ വളർച്ച ഏറ്റവും കൂടുതൽ. ഇത് ഒരു പരിധിവരെ ഭരണപക്ഷത്തിന് എതിരായുള്ള വികാരത്തിന്റെ ആകെത്തുക ആണെന്ന മറുവാദവും ഉണ്ട്.

     ഒരു പാർട്ടിയുടെ ജനസമ്മിതി മനസ്സിലാക്കുന്നതിനുള്ള മത്സരമാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട്  കിട്ടുന്നത് പാർട്ടിയുടെ സ്വാധീനത്തെ കാണിക്കുന്നു. എന്നാൽ വോട്ട്  കിട്ടാൻ വേണ്ടി മാത്രം കാട്ടുന്ന ചില രാഷ്ട്രീയ കോമാളിത്തങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് പ്രശംസാവഹമാണ്.  നല്ല ഭരണം കാഴ്ച വയ്ക്കുന്നവരെ ഭരണത്തിലേറ്റാനും ദുർമർഗ്ഗികളെ നിഷ്കാസനം ചെയ്യാനുമുള്ള തന്റേടം ജനങ്ങൾ കാണിച്ചാൽ രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും.

           അഴിമതി എല്ലാ രാജ്യങ്ങളുടെയും വിശിഷ്യ  വികസ്വര രാജ്യങ്ങളുടെ ശാപമാണ് . പൂർണ്ണമായും ഇത് നിർമാർജനം ചെയ്യാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. ഒരു പരിധിവരെ ജനങ്ങൾ അഴിമതിയെ സഹിക്കാൻ തയ്യാറുമാണ്.  പക്ഷെ  ഇതിനൊക്കെ ഒരു പരിധിയില്ലേ ? സാധാരണക്കാർക്ക് വായിക്കാൻ കഴിയാത്തത്ത്ര  വലിയ സംഖ്യകൾ വരെ അഴിമതി കാണിച്ച് ഒരു ഉളുപ്പുമില്ലാതെ അടുത്ത മന്ത്രിസഭയിൽ കാണാം എന്ന് ചിന്തിക്കുന്നരെ എന്ത് ചെയ്യണം? ചില സംസ്ഥാനങ്ങളിലെ എം. പി., എം എൽ. എ മാരുടെ ആസ്ഥി പരിശോധിച്ചാൽ നമുക്കത് എളുപ്പം മനസ്സിലാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ 80% അധികം ആളുകൾ ഇത്തവണ സ്വത്ത് വിവരം സമർപ്പിച്ചപ്പോൾ കോടികൾ ആസ്തി ആയിരിക്കുന്നു.

     കേരളത്തിൽ ബി.ജെ.പിക്ക്‌ വോട്ട് കിട്ടിയാൽ അത് സാമുദായിക ധ്രുവീകരണവും ഇതര മുന്നണികൾക്കു കിട്ടിയാൽ അത്  സ്വന്തം കഴിവുകൊണ്ട് ആണെന്നുമാണ് നേതാക്കൾ പ്രസംഗിക്കുന്നത്. ജാതി നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് വര്ഗീയതയാണോ എന്ന് ആരും ഇവരോട് ചോദിക്കരുത്. ഇടതുപക്ഷത്തിൻറെ  തിരുവനന്തപുരം എം. പി.  സ്ഥാനാർഥി ഇതിനു ഒരു   പ്രബലമായ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ്.  ഇരു മുന്നണികളുടെയും ഭരണം കണ്ടു മടുത്തിട്ടാണ് ജനങ്ങൾ ഒരു മൂന്നാം മുന്നണി വരാൻ ആഗ്രഹിക്കുന്നത്. ഏറെ പ്രതീക്ഷയുമായി വന്ന ആം ആദ്മി പാർട്ടിക്ക് അധികമൊന്നും ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും അടിത്തറ പാകുന്നതിനു കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അത് നിലനിർത്തി കൊണ്ടുപോകാൻ സാധിച്ചാൽ വലിയ നേട്ടം തന്നെയാകും.

                 സാധാരണക്കാർക്ക് വളരെയധികം പ്രതീക്ഷയുമായി വന്ന ബി. ജെ. പി. ക്ക് തുടക്കത്തിൽ ഇന്ധന ഗ്യാസ്, ആവശ്യ സാധന  വിലവർധനകൾ കല്ലുകടി ആയി. ഇതര സംസ്ഥാനങ്ങളിൽ നടന്ന ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബി.ജെ.പി. യുടെ ജനസമ്മിതിക്കു കോട്ടം തട്ടി എന്ന സൂചന നൽകുന്നു. ഇത് മറികടക്കാനായി കൂടുതൽ ജനപ്രിയ പരിപാടികൾ മോഡി സർക്കാർ പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കാം. പെട്രോൾ ഡീസൽ ഗ്യാസ് വിലകൾ കുറച്ചില്ലെങ്കിലും ഇനി കൂട്ടാതിരുന്നാൽ മതിയായിരുന്നു.

0 comments:

Post a Comment